കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 40കാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം. മസ്തിഷ്‌ക ജ്വരമാണെന്നാണ് കണ്ടെത്തല്‍.
മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ യുവതിയെ വെള്ളിയാഴ്ച വൈകീട്ടോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
നിപയാണെന്ന് സംശയത്തെ തുടർന്ന് സ്രവം പരിശോധനക്ക് അയച്ചിരുന്നു. നേരത്തെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ നില ഗുരുതരമാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അവര്‍.
കേരളം ഭീതിയോടെ മാത്രം ഓര്‍ക്കാന്‍ ആഗ്രഹിക്കുന്ന കാലഘട്ടമാണ് നിപ. 2018ലാണ് കോഴിക്കോട് ജില്ലയില്‍ വ്യാപകമായി നിപ വൈറസ് ബാധ പടര്‍ന്നു പിടിച്ചത്. 18 പേരായിരുന്നു അന്ന് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്.
പിന്നീടും പല തവണ വിവിധയിടങ്ങളിലായി നി റിപ്പോര്‍ട്ട് ചെയ്തു. കേരളം നിപ ബാധക്ക് സാധ്യതയുള്ള മറ്റൊരു സീസണിലേക്ക് കടക്കുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് കോഴിക്കോട്ടെ കേസും വരുന്നത്. സ്രവ പരിശോധനാ റിപ്പോര്‍ട്ടിലൂടെ ആശങ്ക ഒഴിയുകയാണ്.
കോഴിക്കോട്, വയനാട്, മലപ്പുറം,എറണാകുളം, ഇടുക്കി ജില്ലകളിലെ പഴം തീനി വവ്വാലുകളില്‍ നിപ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ മുമ്പേ കണ്ടെത്തിയിട്ടുള്ളതാണ്.
വയനാട് ജില്ലയില്‍ പൊതു ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വയനാട് ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നിപ പരീക്ഷണ പ്രവര്‍ത്തനങ്ങളും ഏകാരോഗ്യ സമീപനത്തിലൂന്നിയ പ്രതിരോധ പ്രവര്‍ത്തനങ്ങളും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ശക്തിപ്പെടുത്തിയിട്ടുണ്ട്.
നിപയെ ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ ജനപങ്കാളിത്തവും സാമൂഹ്യ ജാഗ്രതയും ഉണ്ടാവണമെന്നാണ് ആവശ്യം. മുന്‍കരുതലുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
പക്ഷി മൃഗാദികളുടെ കടിയേറ്റതോ നിലത്ത് വീണു കിടക്കുന്നതോ ആയ പഴങ്ങള്‍ ഉപയോഗിക്കരുത്. പഴങ്ങള്‍ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക. തുറന്ന് വച്ച കലങ്ങളില്‍ സൂക്ഷിച്ച കള്ള് പോലെയുള്ള പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
നിലത്ത് വീണ പഴങ്ങള്‍ , അടക്ക മുതലായവ എടുക്കുമ്പോള്‍ നിര്‍ബ്ബന്ധമായും കയ്യുറ ഉപയോഗിക്കുക. ഇത്തരത്തില്‍ വവ്വാലുകള്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള ഫലങ്ങളും സ്ഥലങ്ങളും തൊടേണ്ട സാഹചര്യങ്ങളില്‍ കയ്യുറ ഉപയോഗിക്കാനും അഥവാ തൊട്ടാല്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈകഴുകാനും ശ്രദ്ധിക്കണം
വവ്വാലുകളെ ആട്ടിയകറ്റുകയോ അവയുടെ ആവാസ വ്യവസ്ഥയെ നശിപ്പിക്കുകയോ ചെയ്യരുത്. ഇത് അവയെ ഭയചകിതരാക്കുകയും കൂടുതല്‍ ശരീര സ്രവങ്ങള്‍ പുറപ്പെടുവിക്കാന്‍ കാരണമാകുകയും ചെയ്യും.
അതുകൊണ്ടു തന്നെ വവ്വാലുകള്‍ തൊടാത്ത വിധം വെള്ളവും ഭക്ഷണ പദാര്‍ത്ഥങ്ങളും സൂക്ഷിക്കുകയാണ് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
2018 മേയ് മാസത്തിലായിരുന്നു കേരളത്തില്‍ ആദ്യമായി നിപ വൈറസ് ബാധയുണ്ടെന്ന് പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചത്.
കോഴിക്കോട്ടെ ചെങ്ങരോത്ത് എന്ന ഗ്രാമമായിരുന്നു പകര്‍ച്ച വ്യാധിയുടെ ഉറവിടം. പഴം തീനി വവ്വാലുകളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടര്‍ന്നതെന്ന് സര്‍ക്കാര്‍ പിന്നീട് സ്ഥിരീകരിച്ചിരുന്നു