Zygo-Ad

പയ്യോളി ടൗണില്‍ ലഹരിക്കടിമയായ യുവാവിന്‍റെ പരാക്രമം; വ്യാപാരികളെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു


പയ്യോളി: ലഹരിക്കടിമയായ യുവാവ് വ്യാപാര സ്ഥാപനത്തെയും ഉടമയെയും വ്യാപാരി നേതാവിനെയും ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ പയ്യോളി ടൗണിലാണ് സംഭവം. 

പേരാമ്പ്ര റോഡിലെ മൊഞ്ചത്തി ഗോള്‍ഡ് കവറിങ് സ്ഥാപനത്തില്‍ കയറി ഒരു പ്രകോപനവുമില്ലാതെ ആദ്യം കടയുടമ അല്‍ത്താഫിനെയും പിന്നീട് ആക്രമണം തടയാൻ ശ്രമിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്‍റ് എം. ഫൈസലിനെയുമാണ് യുവാവ് മർദിച്ചത്. 

അല്‍ത്താഫിന്റെ വലതു കൈക്ക് പരിക്കേല്‍ക്കുകയും ഫൈസലിന്റെ വയറില്‍ ചവിട്ടുകയുമായിരുന്നു.

ഇതേ തുടർന്ന് ലഹരിക്ക് അടിമയായ യുവാവിനെ വ്യാപാരികളും നാട്ടുകാരും പൊലീസ് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും വീണ്ടും സ്റ്റേഷനു പുറത്തിറങ്ങി സമീപത്തെ ആശുപത്രികളിലും മറ്റും പരാക്രമം നടത്തിയ യുവാവ് കടയുടെ ബോർഡും മറ്റും തകർത്ത് പേരാമ്പ്ര റോഡില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.

എന്നാല്‍, സംഭവത്തില്‍ പരാതി ലഭിച്ചിട്ടും ഇയാള്‍ക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയാറാകാത്തതില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച രാവിലെ വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി. 

പ്രകടനത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂനിറ്റ് പ്രസിഡന്‍റ് കെ.എം. ഷമീർ, സെക്രട്ടറി ജി. ഡെനിസണ്‍, രവീന്ദ്രൻ അമ്പാടി, കെ.പി. റാണ പ്രതാപ്, കെ.യു. ഫൈസല്‍, എസ്.എം.എ. ബാസിത്, ജയേഷ് ഗായത്രി, നിധീഷ് ഷൈനിങ്, എൻ.കെ.ടി. നാസർ, ഷൈജല്‍ സഫാത്ത്, നൈസ് മുഹമ്മദ്, സവാദ് അബ്ദുല്‍ അസീസ്, അനില്‍ ധനലക്ഷ്മി, യു.സി. ഗഫൂർ, സി.വി. സുനീർ, കെ.എ. സമദ്, ടി.എ. ജുനൈദ് തുടങ്ങിയവർ പങ്കെടുത്തു. 

സംഭവത്തില്‍ പ്രതിയായ യുവാവിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ പൊലീസ് സ്റ്റേഷൻ മാർച്ച്‌ ഉള്‍പ്പെടെയുള്ള ശക്തമായ സമര പരിപാടികള്‍ക്ക് യൂനിറ്റ് നേതൃത്വം കൊടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ