കടലുണ്ടി: അടച്ചിട്ട വീട് തുറന്ന് ആഭരണങ്ങളും പണവും കവർന്നു. മണ്ണൂർ വടകുംപാടം റെയിലിനടുത്ത പറമ്പിൽ ഹൗസില്‍ ഉമ്മർകോയയുടെ വീട്ടില്‍നിന്നാണ് 20 പവൻ ആഭരണവും 1,15,000 രൂപയും മോഷ്ടിച്ചത്. വ്യാഴാഴ്ച വൈകീട്ട് മകളുടെ ഒലിപ്രം കടവിലുള്ള വീട്ടില്‍ ഉമ്മർകോയയും കുടുംബവും നോമ്പ് തുറക്ക് പോയതായിരുന്നു. വെളളിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് വാതിലിന്റെ ലോക്ക് തുറന്ന നിലയില്‍ കണ്ടത്.
മെയിൻഡോർ വഴിയാണ് മോഷ്ടാവ് അകത്തുകടന്നത്. ഡൈനിങ് ഹാളിന്റെ കിഴക്കുഭാഗത്തെ മുറിയില്‍ അലമാരക്കടുത്ത് വെച്ച താക്കോല്‍ ഉപയോഗിച്ച് ഷെല്‍ഫ് തുറന്ന് പണവും വീടിന്റെ ഒന്നാം നിലയിലുള്ള മുറികളിലെ അലമാരകളില്‍ സൂക്ഷിച്ച ആഭരണങ്ങളുമാണ് കവർന്നത്. മോഷണത്തിനു ശേഷം വീട്ടിനകത്ത് മുളകുപൊടി വിതറിയിട്ടുണ്ട്. വടകുംപാടം ഇസ്സത്തുല്‍ ഇസ്‍ലാം മസ്ജിദ് സെക്രട്ടറിയാണ് ഉമ്മർകോയ. മസ്ജിദിന്റെ ആവശ്യാർഥം നിത്യപിരിവുകള്‍ ഉള്‍പ്പെടെ ലഭിച്ച പണമാണ് നഷ്ടപ്പെട്ടത്.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വഡും പരിശോധന നടത്തി. ഡെപ്യൂട്ടി കമീഷണർ അരുണ്‍ കെ. പവിത്രൻ, ഫറോക്ക് ഡിവിഷൻ അസി. കമീഷണർ എ.എം. സിദ്ദീഖ്, ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്ത്, എസ്.ഐമാരായ ആർ.എസ്. വിനയൻ, എസ്. അനൂപ് (ഫറോക്ക്), ടി.പി. സജി (കടലുണ്ടി) എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.