Zygo-Ad

വടകര ബ്ലോക്ക് പഞ്ചായത്ത് ജോബ് ഫെസ്റ്റ് 21 ന്; ചോമ്പാല സിഎസ്ഐ ക്രിസ്ത്യൻ മുള്ളർ വുമൻസ് കോളേജിൽ

 


വടകര: വടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെ​ഗാ തൊഴിൽമേള നാളെ ചോമ്പാല സിഎസ്ഐ ക്രിസ്ത്യൻ മുള്ളർ വുമൻസ് കോളേജിൽ നടക്കും. രാവിലെ 10 മണിക്ക് മേള ആരംഭിക്കും. കേരളത്തിനകത്തും പുറത്തും നിന്നുള്ള 35 ഓളം പ്രമുഖസ്ഥാപനങ്ങൾ പങ്കെടുക്കും. ഐ.ടി, ടെക്നിക്കൽ, ഓട്ടോ മൊബൈൽ, മാർക്കറ്റിംഗ്, അഡ്മിനിസ്ട്രേഷൻ, ഹോസ്‌പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, ഇൻഷുറൻസ്, ഹോസ്‌പിറ്റൽ, അക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളിലായി ആയിരത്തോളം ഒഴിവുകളാണ് സ്ഥാപനങ്ങളിൽ നിലവിലുള്ളത്.

ഓൺലൈനിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് പുറമേ തൽസമയ രജിസ്ട്രേഷനും ഉൾപ്പെടെ 1000 ൽ പരം ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാനുള്ള അവസരം കോളജിൽ ഒരുക്കിയിട്ടുണ്ട്. തത്സമയം രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് 10 കൗണ്ടറുകളും രണ്ട് ഹെല്പ് ഡസ്‌കുകളും തയ്യാറാക്കിയിട്ടുണ്ട്. ഒരു ഉദ്യോഗാർഥിക്ക് മൂന്ന് സ്ഥാപനങ്ങളിൽ കൂടിക്കാഴ്ചക്ക് ഹാജരാകുന്നതിന് സൗകര്യമുണ്ടാവും. സംസ്ഥാനത്ത് നിലനിൽക്കുന്ന തൊഴിലില്ലായ്മ പരിഹാരത്തിന് ചെറിയ ഒരു ചുവടുവെയ്പ്പാണ് വടകര ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി ഗിരിജ പറഞ്ഞു. ഈ പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വാർത്താ സമ്മേളനത്തിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി ഗിരിജ, വൈസ് പ്രസിഡൻറ് പി.കെ സന്തോഷ് കുമാർ, കോർഡിനേറ്റർ വി.മധുസുദനൻ, വ്യവസായ വികസന ഓഫീസർ സരിത, ഗോകുൽ എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ