തലശ്ശേരി: പയ്യാവൂർ ഉപ്പ് പടന്നയിലെ തേരകത്താടി വീട്ടില്‍ ഷരോണി (19)നെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
പ്രതിക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച വിധിക്കും. മുറിയില്‍ ചേട്ടൻ മൊബൈലില്‍ നോക്കുമ്പോള്‍ പിതാവ് പിന്നില്‍ നിന്ന് കുത്തുകയായിരുന്നു എന്നാണ് സഹോദരന്റെ മൊഴി. പിതാവായ തേരകത്താടി വീട്ടില്‍ സജി ജോർജ് (50) അണ് കേസിലെ പ്രതി.
2020 ആഗസ്റ്റ് 15 ന് വൈകുന്നേരം വീട്ടിലെ ഡൈനിംഗ് ഹാളില്‍ ഷരോണിനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. പ്രതിയുടെ ഭാര്യ ഇറ്റലിയില്‍ നഴ്സ് ആണ്. ഭാര്യ അയക്കുന്ന പണമെല്ലാം മദ്യപിച്ച് തീർക്കുന്നതിനാല്‍ പിന്നീട് ഷരോണിന്റെ പേരിലാണ് ഇവർ പണമയച്ചിരുന്നത്. ഈ വിരോധവും പ്രതിക്ക് ഉണ്ടായിരുന്നുവത്രെ.
പിതാവ് വീട്ടില്‍ നിന്നും നാടൻ ചാരായം വാറ്റുന്നത് ഷരോണ്‍ തടഞ്ഞിരുന്നു. ഇത് വാക്ക് തർക്കത്തിലാവുകയും കയ്യാങ്കളിയില്‍ പ്രതിക്ക് ഇടത് കണ്ണിന്റെ പുരികത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ വിരോധമാണ് കൊലക്ക് കാരണമായി ആരോപിക്കുന്നത്.
മാത്യു എന്ന ബേബിയുടെ പരാതി പ്രകാരമാണ് പൊലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. 42 പേരാണ് പ്രോസിക്യൂഷൻ സാക്ഷികള്‍. പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെയാണുള്ളത്.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ.അജിത്ത് കുമാർ, മുൻ അഡീഷണല്‍ ജില്ലാ ഗവ.പ്ലീഡർ ആയിരുന്ന അഡ്വ.കെ.പി.ബിനീഷയുമാണ് ഹാജരായത്. ഒന്നാം അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് മുമ്പാകെയാണ് കേസ് പരിഗണിച്ചത്.