തലശ്ശേരി :ടി എം സി നമ്പർ ഇല്ലാതെ സർവ്വിസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ പോലീസും, മോട്ടോർ വാഹന വകുപ്പും, നഗരസഭയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കുക, മുനിസിപ്പൽ അതിർത്തിയിലെ പൊട്ടിപൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കുക, നഗരത്തിലെ പാർക്കിംഗ് സ്ഥലങ്ങൾ തിരിച്ചറിയുന്ന ബോർഡുകൾ സ്ഥാപിക്കുക, എന്നീ മൂന്നിന ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്, എസ്.ടി.യു. എന്നീ നാല് യൂണിയനുകളാണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
ഇന്ന് അർദ്ധരാത്രി തുടങ്ങി നാളെ അർദ്ധരാത്രി വരെയാണ് പണിമുടക്കമെന്ന് നേതാക്കൾ അറിയിച്ചു.
അത്യാവശ്യത്തിന് രോഗികളുമായി എത്തുന്നവ ഒഴികെ മറ്റെല്ലാ പാസഞ്ചർ ഓട്ടോകളും സമരവുമായി സഹകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
എണ്ണിയാൽ തീരാത്ത മെമ്മോറാണ്ടങ്ങളും നിവേദനങ്ങളും നൽകി കഴിഞ്ഞ 25 വർഷങ്ങളായി ആവ ശ്യപ്പെടുന്ന ടി.എം.സി നമ്പർ പ്രശ്നത്തിന് ഇന്നേവരെ ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. ടി.എം.സി നമ്പറില്ലാത്ത ഒട്ടേറെ ഓട്ടോകൾ നഗരത്തിൽ ഇപ്പോഴും വ്യാപകമായി ഓടുന്നുണ്ട്.
ഇത്തരം അനധികൃത ഓട്ടോകളെ നിയമപ്രകാരം സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ ഡ്രൈവർമാർ തടയുന്നത് തെരുവിൽ സംഘർഷ സാധ്യത ഉണ്ടാക്കുന്നതിനാലാണ് വിഷയത്തിൽ പോലിസും, മോട്ടോർ വാഹന വകുപ്പും അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെടുന്ന തെന്ന് സംയുക്ത സമരസമിതി കൺവീനർ അറിയിച്ചു.