തലശ്ശേരി: നഗരസഭയിലെ നവീകരിച്ച വയലളം സ്വാമിക്കുന്ന് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു.
നാല്‍പ്പതോളം കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്ന തലശ്ശേരി വയലളം സ്വാമിക്കുന്ന് കുടിവെള്ള പദ്ധതി നവീകരണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചു.
തലശ്ശേരിയിലെ സന്നദ്ധ സംഘടനയായ തലശ്ശേരി കെയര്‍ ആന്‍ഡ് ക്യൂര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ രണ്ടര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നവീകരണം പൂര്‍ത്തിയാക്കിയത്. നവീകരിച്ച കുടിവെള്ള പദ്ധതി നിയമസഭ സ്‌പീക്കര്‍ അഡ്വ: എ.എന്‍. ഷംസീര്‍ നാടിന് സമര്‍പ്പിച്ചു. തലശ്ശേരി ഇല്ലത്ത് താഴെക്കടുത്ത് സ്വാമിക്കുന്നിലുള്ള നാല്‍പ്പതോളം കുടുംബങ്ങളുടെ വീടുകള്‍ സ്‌ഥിതി ചെയ്യുന്നത് കുന്നിന് മുകളിലും കുന്നിലേക്ക് പോകുന്ന വഴികളിലുമാണ്.
അവിടേക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി 2000 ത്തില്‍ അന്നത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം എം.കെ. ദാമോദരന്‍ സൗജന്യമായി നല്‍കിയ സ്‌ഥലത്ത് നിര്‍മ്മിച്ച കിണറും പമ്പ്ഹൗസും ആയിരുന്നു കഴിഞ്ഞ 24 വര്‍ഷത്തോളമായി അവര്‍ക്കാവശ്യമായ വെള്ളം നല്‍കിയിരുന്നത്. ഇടക്ക് റിപ്പയര്‍ ചെയ്‌ത് നിലനിര്‍ത്തി പോന്നതായിരുന്നു. എന്നാല്‍ കാലപഴക്കം കാരണം നാല് മാസം മുമ്പ് പമ്പുകളുടെ പ്രവര്‍ത്തനം നിലച്ചു. അവിടേക്ക് മറ്റൊരു സ്‌ഥലത്ത് നിന്ന് വെള്ളം എടുക്കാനും വഴിയില്ലാതെ മഴ വെള്ളം ശേഖരിച്ച് വെച്ച് ഉപയോഗിച്ചു വരികയായിരുന്നു.
കഴിഞ്ഞ മൂന്ന് നാല് മാസം ഈ സാഹചര്യത്തിലാണ് പ്രദേശ വാസികള്‍ കുടിവെള്ളം ലഭ്യമാക്കാന്‍ ശാശ്വത നടപടി ആവശ്യപെട്ട് സ്‌പീക്കറെ സമീപിച്ചത്. സര്‍ക്കാര്‍ നടപടികളിലെ കാല താമസം മുന്നില്‍ കണ്ട് സ്‌പീക്കര്‍ സന്നദ്ധ സംഘടനയുടെ സേവനം തേടുകയായിരുന്നു. ഉടന്‍ പ്രശ്‌നത്തില്‍ ഇടപെട്ട കെയര്‍ ആന്‍ഡ് ക്യൂര്‍ സംഘടന പൈപ്പുകള്‍ രണ്ടര ലക്ഷം രൂപ ചെലവില്‍ മാറ്റി സ്‌ഥാപിക്കുകയായിരുന്നു. സംഘടനയുടെ പ്രവര്‍ത്തനം മാതൃകാ പരമാണെന്ന് സ്‌പീക്കര്‍ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
നിലവിലുള്ള മോട്ടോര്‍ മാറ്റിയും ആവശ്യമായ നവീകരണ പ്രവര്‍ത്തികള്‍ നടത്തിയുമാണ് പദ്ധതി നാടിന് സമര്‍പ്പിച്ചിട്ടുള്ളത്. പരിപാടിയില്‍ വെച്ച് പദ്ധതി നവീകരണം യാഥാര്‍ത്ഥ്യമാക്കിയ കെയര്‍ ആന്‍ഡ് ക്യൂര്‍ ഫൗണ്ടേഷനുള്ള ഉപഹാരം സ്‌പീക്കര്‍ കെയര്‍ ആന്‍ഡ് ക്യൂര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് പി.ഒ. ജാബിറിന് സമ്മാനിച്ചു. തലശ്ശേരി മുനിസിപ്പല്‍ വയലളം വാര്‍ഡ് കൗണ്‍സിലര്‍ ബേബി സുജാത അധ്യക്ഷയായി.
പി.ഒ. ജാബിര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് നിസാര്‍ പടിപ്പുരക്കല്‍, കുടിവെള്ള കമ്മിറ്റി സെക്രട്ടറി കെ. വിജേഷ്, കെയര്‍ ആന്‍ഡ് ക്യൂര്‍ ഫൗണ്ടേഷന്‍ ട്രഷറര്‍ മുനീസ് അറയിലകത്ത്, ഫാറൂഖ് പാലോട്ട്, പി.എം.സി. മൊയ്‌തു, ഹംസ, മുഹമ്മദ് ഫസല്‍, സക്കരിയ, മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.എ. സുധീഷ് കുടിവെള്ള കമ്മിറ്റിയംഗം വിന്‍ജിത്ത് എന്നിവര്‍ സംബന്ധിച്ചു.