Zygo-Ad

ടാങ്കർ ലോറിയിൽ കടത്തിയ 12,000 ലിറ്റർ പെട്രോൾ പിടികൂടി: സഹോദരങ്ങൾ അറസ്റ്റിൽ


തലശ്ശേരി: മാഹിയിൽ നിന്നും നികുതി വെട്ടിച്ച് കോഴിക്കോട്ടേക്ക് ടാങ്കർ ലോറിയിൽ കടത്താൻ ശ്രമിച്ച 12,000 ലിറ്റർ പെട്രോൾ തലശ്ശേരി എസിപി ഡോ. നന്ദഗോപന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി. സംഭവത്തിൽ വടകര ചോറോട് ഗേറ്റ് സ്വദേശികളും സഹോദരങ്ങളുമായ ടി.ടി. ഹൗസിൽ വിജേഷ് (49), ഷിജീഷ് (47) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി.

ചൊവ്വാഴ്ച പുലർച്ചെയോടെ കോപ്പാലം ഭാഗത്തുനിന്നും വരികയായിരുന്ന ടാങ്കർ ലോറിയാണ് കുട്ടിമാക്കൂലിന് സമീപത്തുവെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. കേന്ദ്ര ഭരണപ്രദേശമായ മാഹിയിൽ നിന്നും നികുതി വെട്ടിച്ച് കേരളത്തിലേക്ക് വൻതോതിൽ പെട്രോളും ഡീസലും കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന നടത്തിയത്.



വളരെ പുതിയ വളരെ പഴയ