തലശ്ശേരി: ആയിരക്കണക്കിന് മൺചെരാതുകൾ ദീപാവലി നാളിന്റെ സന്ധ്യക്ക് ജഗന്നാഥ ക്ഷേത്രാങ്കണത്തിന് നക്ഷത്ര ദീപ്തി ചൊരിഞ്ഞു. ക്ഷേത്രത്തിന്റെ വിശാലമായ മുൻഭാഗത്തെ കൽപ്പടവുകളും, ഗജ മണ്ഡപവും, അരയാൽത്തറയും, ഗുരുദേവ മണ്ഡപവുമെല്ലാം ആലക്തിക ദീപങ്ങൾ കൊണ്ടലങ്കൃതമായി. ആദ്യ ദീപം മേൽശാന്തി രാമചന്ദ്രൻ കൊളുത്തി. ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ. കെ. സത്യൻ, ഡയറക്ടർമാരായ രാജീവൻ മാടപ്പീടിക, സുധീർ ഏടന്നൂർ, ടി.കെ. ദിലീപ്, മാതൃ സമിതി ഭാരവാഹികളായ രമാഭായ് ടീച്ചർ, സീനാ സുർജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
വൈകിട്ട് 5 മണിക്ക് നടതുറന്നു. 5.30 ന് സഹസ്ര ദീപാലങ്കാരത്തിന് പുറമെ ദീപാരാധന, ലക്ഷ്മി പൂജ, ഗുരുകൃപ നൃത്ത-സംഗീത വിദ്യാലയത്തിന്റെ നടനരാവ്, അത്താഴ പൂജ, മംഗളാരതി എന്നിവയും നടന്നു.
