തലശ്ശേരി: തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും സ്ഥാനാർത്ഥിയുമായ കല്ലിക്കണ്ടിയിലെ കെ. പ്രഭാകരൻ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇലക്ഷൻ കമ്മീഷന് പരാതി നൽകി.
റിട്ടേണിങ് ഓഫീസറായ ധർമടം യൂണിറ്റ് സഹകരണ ഇൻസ്പെക്ടർ എം.ബി. ശ്രീജിത്ത് ഗുരുതരമായ നിയമലംഘനമാണ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയിലടക്കം റിട്ടേണിങ് ഓഫീസർ പക്ഷപാതപരമായാണ് പെരുമാറിയത്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷവും സ്വീകരിച്ചവരുടെയും തള്ളിയവരുടെയും പട്ടിക പ്രസിദ്ധീകരിച്ചില്ലെന്നും, രാത്രി വൈകിയും ആശുപത്രിയിലിരുന്ന് ഒരു വിഭാഗത്തിനുവേണ്ടി പ്രവർത്തിച്ചതായും പരാതിയിൽ ആരോപിക്കുന്നു.
പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞ ശേഷവും ചില സ്ഥാനാർത്ഥികളുടെ പത്രിക പിൻവലിക്കാൻ ഒത്താശ ചെയ്തുവെന്നും, അതിനാൽ നിലവിലെ തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കി പുതിയ റിട്ടേണിങ് ഓഫീസറെ നിയമിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ആവശ്യം.
കോൺഗ്രസ് നേതൃത്വം കടുത്ത സമ്മർദ്ദം ചെലുത്തിയിട്ടും നാമനിർദേശ പത്രിക പിൻവലിക്കാൻ തയ്യാറാകാതെ മത്സരരംഗത്ത് ഉറച്ചുനിൽക്കുന്ന നേതാവാണ് കെ. പ്രഭാകരൻ. കെ.പി.സി.സി-ഡി.സി.സി നേതാക്കൾ ഇടപെട്ടിട്ടും അദ്ദേഹം പിൻവാങ്ങാൻ തയ്യാറായിരുന്നില്ല. കല്ലിക്കണ്ടി സ്വദേശിയായ കെ. പ്രഭാകരൻ കോൺഗ്രസ് തൃപ്രങ്ങോട്ടൂർ മണ്ഡലം സെക്രട്ടറിയാണ്.
