ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വടകര പഴങ്കാവ് ചോളംവയൽ ജംഗ്ഷന് സമീപം അടിപ്പാത നിർമ്മിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതായി ഷാഫി പറമ്പിൽ എംപിമാരുടെ ഓഫീസ് അറിയിച്ചു. ഇതിന് പുറമെ അഴിയൂർ വെങ്ങളം ദേശീയപാതയിൽ മറ്റ് നാലിടങ്ങളിൽ കൂടി പുതിയ അണ്ടർപാസുകൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
പഴങ്കാവ് ഭാഗത്ത് അടിപ്പാതയോ ഓവർപാസോ നിർമ്മിച്ചില്ലെങ്കിൽ പ്രദേശത്തെ ആയിരക്കണക്കിന് ജനങ്ങൾക്ക് വടകര ടൗണിലേക്ക് എത്തിച്ചേരാൻ കിലോമീറ്ററുകളോളം ചുറ്റിക്കറങ്ങേണ്ടി വരുമായിരുന്നു. ഈ പ്രതിസന്ധി ചൂണ്ടിക്കാട്ടി നാട്ടുകാർ ഒന്നിച്ച് ജനകീയ സമരസമിതി രൂപീകരിച്ച് മാസങ്ങളായി ഇവിടെ ശക്തമായ സമരത്തിലായിരുന്നു. ജനങ്ങളുടെ ഈ ന്യായമായ ആവശ്യം പരിഗണിച്ചാണ് ഇപ്പോൾ ചോളംവയൽ ജംഗ്ഷന് സമീപം അടിപ്പാത നിർമ്മിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകാരം നൽകിയത്.
അഴിയൂർ വെങ്ങളം ദേശീയപാതയിൽ കൂടുതൽ അണ്ടർപാസുകളും ഫുട് ഓവർ ബ്രിഡ്ജുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംപി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയെയും ദേശീയപാത അതോറിറ്റി ചെയർമാനെയും നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. തുടർന്ന് കോഴിക്കോട് പ്രൊജക്ട് ഡയറക്ടറും മറ്റ് ഉദ്യോഗസ്ഥരും എംപിയോടൊപ്പം പ്രദേശങ്ങളിൽ സംയുക്ത പരിശോധന നടത്തി സമർപ്പിച്ച പ്രപ്പോസലുകൾക്കാണ് ഇപ്പോൾ അംഗീകാരമായിരിക്കുന്നത്.
കൊയിലാണ്ടി താലൂക്കിലെ നന്തി, അയനിക്കാട്, വടകര താലൂക്കിലെ കേളു ബസാർ, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിലാണ് പുതുതായി അനുമതി ലഭിച്ച മറ്റ് നാല് അണ്ടർപാസുകൾ. പുതിയ അടിപ്പാതകൾ യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമാകും.
