തലശ്ശേരി: ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി മലബാർ കാൻസർ സെന്ററും കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യവും സംയുക്തമായി ചിത്രരചന, ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. എൽ.കെ.ജി മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാർഥികളെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി മേജർ പി. ഗോവിന്ദന്റെ അധ്യക്ഷതയിൽ കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യം പ്രസിഡന്റ് നാരായണൻ പുതുക്കുടി ഉദ്ഘാടനം ചെയ്തു. മലബാർ കാൻസർ സെന്ററിലെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോക്ടർമാരായ എ.പി. നീതു, ഫിൻസ് എം. ഫിലിപ്പ് എന്നിവർ രക്ഷിതാക്കൾക്കായി കാൻസർ ബോധവൽക്കരണ ക്ലാസ് നയിച്ചു.
ക്വിസ് മത്സരത്തിന് എക്സൈസ് പ്രിവന്റീവ് ഓഫീസർ സമീർ ധർമ്മടം നേതൃത്വം നൽകി. ഡോ. അബ്ദുറഹ്മാൻ കൊളത്തായി, നിസ്സാർ പടിപ്പുരക്കൽ, ടി.എം. ദിലീപ് കുമാർ, അച്ചൂട്ടി മാസ്റ്റർ, ബി.ടി. കുഞ്ഞു, സുമയ്യ, സി.പി. അനിത, ഹസ്ന ബൈജു എന്നിവർ സംസാരിച്ചു. എംസിസി വിജിലൻസ് ഓഫീസർ പി.കെ. സുരേഷ് സ്വാഗതവും കെ.എം. ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
