തലശ്ശേരി: നിർത്തലാക്കാൻ തീരുമാനിച്ച തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ പാർസൽ സർവീസ് ഷാഫി പറമ്പിൽ എം.പി.യുടെ ഇടപെടലിനെത്തുടർന്ന് പുനഃസ്ഥാപിച്ചു.
ഈ മാസം പത്താം തീയതിയോടെ സർവീസ് പൂർണ്ണമായും അവസാനിപ്പിക്കാനായിരുന്നു റെയിൽവേയുടെ മുൻ തീരുമാനം. പുതിയ തീരുമാനം വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ആശ്വാസമായി.
വർഷങ്ങളായി തലശ്ശേരിയിലെ വ്യാപാരികളും സാധാരണക്കാരും വലിയതോതിൽ ആശ്രയിക്കുന്ന ഒന്നാണ് ഇവിടുത്തെ പാർസൽ ഓഫീസ്.
സർവീസ് നിർത്തലാക്കിയാൽ പാർസലുകൾ അയക്കാനും കൈപ്പറ്റാനും കിലോമീറ്ററുകൾ അകലെയുള്ള കണ്ണൂർ സ്റ്റേഷനെ ആശ്രയിക്കേണ്ടി വരുമായിരുന്നു.
ഇത് വലിയ സാമ്പത്തിക നഷ്ടത്തിനും പ്രയാസങ്ങൾക്കും ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ എം.പി.യെ സമീപിക്കുകയായിരുന്നു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വടകര എം.പി. ഷാഫി പറമ്പിൽ റെയിൽവേ അധികൃതർക്ക് അടിയന്തരമായി അപേക്ഷ സമർപ്പിച്ചു.
കച്ചവടക്കാരുടെ പ്രയാസങ്ങളും ജനങ്ങളുടെ ആവശ്യവും പരിഗണിച്ച റെയിൽവേ, നിലവിലെ തീരുമാനം മരവിപ്പിച്ചു കൊണ്ട് ഉത്തരവിറക്കുകയായിരുന്നു.
ഇതോടെ വരും ദിവസങ്ങളിലും തലശ്ശേരി സ്റ്റേഷനിൽ പാർസൽ സർവീസുകൾ തടസ്സമില്ലാതെ തുടരും. പ്രസ്തുത വിഷയത്തിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഇന്ന് പ്രതിഷേധ സമരവും നടത്താൻ തീരുമാനിച്ചിരുന്നു.


