കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. ആശുപത്രിയിലെ സി ബ്ലോക്കിലെ ഒമ്പതാം നിലയിൽ എസിയുടെ യന്ത്രഭാഗങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്.
ഒമ്പതാം നിലയക്ക് മുകളിലുള്ള ടെറസിൽ എസി ചില്ലര്‍ ഇൻസ്റ്റലേഷൻ നടക്കുന്നതിനിടെയാണ് തീപടര്‍ന്നതെന്നും ഉടൻ തന്നെ ജീവനക്കാര്‍ തീയണച്ചെന്നും ആശുപത്രി എജിഎംപിആര്‍ സലിൽ ശങ്കര്‍ അറിയിച്ചു. ടെറസിന്‍റെ ഭാഗത്ത് എസിയുടെ ഭാഗങ്ങള്‍ വെച്ച സ്ഥലത്ത് നിന്നാണ് തീപടര്‍ന്നത്.
ഫയർ ഫോഴ്സ് എത്തും മുമ്പേ തീ അണച്ചിരുന്നുവെന്നും രോഗികൾക്ക് ഒന്നും പ്രശ്നം ഉണ്ടായിട്ടില്ലെന്നും സലിൽ ശങ്കര്‍ പറഞ്ഞു. ആശുപത്രി പ്രവർത്തനം പൂർണതോതിൽ പുനരാരംഭിച്ചു. മുൻ കരുതൽ എന്ന നിലയിലാണ് ആളുകളെ ഒഴിപ്പിച്ചത്. നിയമ പ്രകാരമാണ് എസി ഭാഗങ്ങൾ സ്ഥാപിച്ചിരിക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
