തിരുവനന്തപുരം:മുണ്ടകൈ, ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാനാവില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. കോടിക്കണക്കിനു രൂപയുടെ കോർപ്പറേറ്റ് വായ്പകള്‍ എഴുതി തള്ളാൻ ഒരു മടിയും കാണിക്കാതിരുന്ന കേന്ദ്ര സർക്കാർ, ദുരന്ത ബാധിതരോട് കാണിക്കുന്നത് കൊടും ക്രൂരതയാണ് - മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം ദേശീയ ദുരന്ത നിവാരണ അതോറിറ്റി അതി തീവ്ര ദുരന്തമായി പ്രഖ്യാപിച്ചാൽ, ആ സ്ഥലത്തെ മുഴുവൻ ആളുകളുടെയും കടങ്ങൾ എഴുതി തള്ളാൻ കഴിയുന്ന സെക്ഷൻ 13 എടുത്ത് കളഞ്ഞത് ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. എന്തിനു വേണ്ടിയാണ് ഇത് ചെയ്തതെന്ന് ഇന്ത്യയിലെ ജനങ്ങളോട് വിശദീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് മന്ത്രി പറഞ്ഞു.
ദുരന്തം ഉണ്ടായ ശേഷം സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചു നടത്തിയ മെമോറാണ്ടത്തിലും അഭ്യർത്ഥനകളിലും ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു, ദുരന്തമേഖലയിലെ വായ്പകൾ എഴുതി തള്ളണം എന്നത്. ദുരന്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, ഓരോ സിറ്റിങ്ങിലും അഡീഷണൽ സോളിസിറ്റർ ജനറലിനോട് കടങ്ങൾ എഴുതി തള്ളുന്നതിനെ കുറിച്ച് ആവർത്തിച്ചിരുന്നു. പരിശോധിക്കുകയാണെന്നും നടപടി തുടരുകയാണെന്നും കോടതിയിൽ പറഞ്ഞുകൊണ്ടിരുന്ന കേന്ദ്ര അഭിഭാഷകൻ, ജൂൺ മാസത്തിൽ അങ്ങേയറ്റം വിചിത്രമായാണ് കടങ്ങൾ എഴുതി തള്ളാനുള്ള അധികാരം നൽകുന്ന സെക്ഷൻ 13 എടുത്തു കളഞ്ഞതായി അറിയിച്ചത്.
അന്നും കോടതി കേന്ദ്രത്തോട് പറഞ്ഞത്, ഇക്കാര്യത്തിൽ കൃത്യമായ നിലപാട് അറിയിക്കണമെന്നാണ്. ഇതിനെ തുടർന്ന് അവധി നേടി മടങ്ങിയ കേന്ദ്ര സർക്കാരിൻ്റെ അഭിഭാഷകൻ ഇന്നലെ ( 08/ 10/25 ) നൽകിയ സത്യവാങ്മൂലത്തിലാണ് ലോൺ എഴുതി തള്ളാൻ ഉദ്ദേശിക്കുന്നില്ല എന്ന് അറിയിച്ചിരിക്കുന്നത്.
കേരളത്തെ സഹായിക്കാൻ തയ്യാറല്ല എങ്കിൽ അത് ജനങ്ങളോട് പരസ്യമായി പറയണമെന്നാണ് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലും കൂടുതലായി കോടതി എന്താണ് പറയുക എന്ന് മന്ത്രി വിശദമാക്കി.
കാരുണ്യമല്ല കേരളം തേടുന്നത്; കേരളത്തിന് ലഭ്യമാകേണ്ട ന്യായമായ അവകാശമാണ് എന്ന് കോടതി കേന്ദ്രത്തോട് പറഞ്ഞിരിക്കുകയാണ്. വായ്പ എഴുതി തള്ളുന്നത് കേന്ദ്രത്തിൻ്റെ അധികാര പരിധിക്ക് പുറത്താണ് എന്ന് പറഞ്ഞ കേന്ദ്ര അഭിഭാഷകനോട്, ഭരണഘടന വായിച്ചു വരണം എന്നു പോലും ഹൈക്കോടതിക്ക് പറയേണ്ടി വന്നു. ആരെയാണ് നിങ്ങൾ വിഢികളിക്കാൻ നോക്കുന്നത് എന്നും കോടതി ചോദിച്ചിരിക്കുകയാണ്. കേന്ദ്ര നിലപാട് ഇങ്ങനെ ആണെങ്കിൽ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. ഇതിലും രൂക്ഷമായി എന്താണ് ഇനി കേന്ദ്രം കേൾക്കാനുള്ളത്?
കേരളത്തിനു വേണ്ടി ഹൈക്കോടതി കൈകൊണ്ട നിലപാടിൽ ഏറ്റവും പ്രധാനപ്പെട്ടത് ഒരു കടവും തിരിച്ചു പിടിക്കാൻ പാടില്ല എന്ന് ബാങ്കുകളോട് നിർദ്ദേശിച്ചതാണ്. ബാങ്കുകളെ കേസിൽ കക്ഷി ചേർക്കാനും കോടതി തീരുമാനിച്ചിരിക്കുകയാണ്.
കേന്ദ്ര നിലപാടിലുള്ള പ്രതിഷേധം ജനങ്ങളുടെ മുന്നിൽ കേരളം അറിയിക്കും. കേന്ദ്ര സർക്കാരിനോട് മുഖ്യമന്തി നേരിട്ട് സംസ്ഥാനത്തിൻ്റെ നിലപാടും പ്രതിഷേധവും അറിയിക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.