കോഴിക്കോട്: വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ മാധ്യമ പ്രവര്‍ത്തകന്‍ അന്തരിച്ചു. കോഴിക്കോട് സിറാജ് ദിനപത്രം സബ് എഡിറ്റര്‍ കണ്ണൂര്‍ മുണ്ടേരി മൊട്ട കോളില്‍മൂല സ്വദേശി ജാഫര്‍ അബ്ദുര്‍റഹീം (33) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് സിറാജ് ദിനപത്രത്തിൻ്റെ കോഴിക്കോട് ഓഫീസിന് മുന്നിലെ നടപ്പാതയിലൂടെ നടന്നു പോകവെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.
കോഴിക്കോട് വയനാട് ദേശീയ പാതയില്‍ ശനിയാഴ്ച പുലര്‍ച്ചെ 12.50 നായിരുന്നു അപകടം.
ജോലി കഴിഞ്ഞ് ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്ത് നിന്ന് അമിത വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തും സിറാജ് ജീവനക്കാരനുമായ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അസീസ് അത്ഭുതകരമായി രക്ഷപ്പെട്ടു.
ഗുരുതരമായി പരുക്കേറ്റ ജാഫറിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിറാജ് മലപ്പുറം, കണ്ണൂര്‍, കൊച്ചി, ആലപ്പുഴ ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായി സേവനമനുഷ്ടിച്ച ജാഫര്‍ അടുത്തിടെയാണ് കോഴിക്കോട്ടെ സെന്‍ട്രല്‍ ഡെസ്‌കിലേക്ക് എത്തിയത്. പുതിയപുരയില്‍ അബ്ദു റഹീം ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ സക്കിയ. സഹോദരി റൈഹാനത്ത്.