ദേശീയ തലത്തിൽ മികച്ച കോളേജായി നേട്ടം നിലനിർത്തി ബ്രണ്ണൻ. 2025 ലെ നാഷണൽ ഇൻസ്റ്റിറ്റ്യുഷനൽ റാങ്കിങ് ഫ്രെയിം വർക്കിൽ 101 - 150 റാങ്കിൽ മികവുമായി തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്. പതിനാലായിരത്തോളം കോളേജുകളുമായി മത്സരിച്ചാണ് ബ്രണ്ണൻ ഈ റാങ്കിലെത്തിയത്. ഉത്തര കേരളത്തിലെ മികവുറ്റ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ബ്രണ്ണൻ സാമ്പത്തികമായും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികളുടെ ആശാകേന്ദ്രമാണ്. ഭൂരിഭാഗവും പെൺകുട്ടികൾ പഠിക്കുന്ന ബ്രണ്ണനിൽ അടുത്ത കാലത്ത് മികച്ച സൗകര്യങ്ങളാണ് സർക്കാർ ഇടപെടലിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാലു മാനദണ്ഡങ്ങളാണ് റാങ്കിങ്ങിൽ പ്രധാനമായും പരിഗണിക്കുന്നത്. അധ്യാപന പഠന പ്രവർത്തനങ്ങൾ, ഗവേഷണ പ്രവർത്തനങ്ങൾ, വിദ്യാർഥികളുടെ പിൽക്കാല ജോലി ലഭ്യത, പരിപ്രേക്ഷ്യം (Perception) എന്നിവയാണിവ. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പൊതുസമൂഹത്തിലും, പ്രത്യേകിച്ച് അക്കാദമിക്, തൊഴിൽ മേഖലകളിലുമുള്ള പൊതുവായ ധാരണയും മതിപ്പുമാണ് റാങ്കിംഗിലെ പരിപ്രേക്ഷ്യം. ഇതിനെ ബ്രാൻഡ് മൂല്യം എന്നും ലളിതമായി പറയാം. പല തലങ്ങളിലുളള സർവ്വേയിലൂടെയാണ് ഈ മൂല്യം കണക്കാക്കുന്നത്. ഈ ഭാഗമൊഴിച്ച് മറ്റെല്ലാം മേഖലയിലും ഉയർന്ന മികവാണ് ബ്രണ്ണന് ലഭിച്ചത്. നഗരപ്രദേശങ്ങളിലെ കോളേജുകളെ അപേക്ഷിച്ച് ഗ്രാമീണ മേഖലയിലെ ഗവ. കോളേജുകളുടെ പരിമിതിയാണ് ബ്രണ്ണൻ്റെ പരിപ്രേക്ഷ്യം മാർക് കുറയാൻ കാരണം. മറ്റെല്ലാം മാനദണ്ഡങ്ങളിലും ബ്രണ്ണൻ വളരെ ഏറെ മുന്നിലാണ്. ബ്രണ്ണനിൽ നിന്നു പഠിച്ചിറങ്ങുന്ന 650 കുട്ടികളിൽ 460 പേരും ഉന്നതപഠനത്തിന് പോകുന്നവരാണ്. ഗ്രാമ പ്രദേശത്തെ കലാലയമായിട്ടും എടുത്തു കാണിക്കാവുന്ന വിധം 125 ലധികം പ്ലേസ്മെൻ്റുകൾ കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ബ്രണ്ണനിൽ നിന്നുണ്ടായി. 2023 -24ൽ മാത്രം അധ്യാപകരുടെ 71 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധികരിച്ചു. അവയിൽ 51 എണ്ണം സ്കോപസ് ഇൻഡക്സ്ഡ് പ്രസിദ്ധീകരണങ്ങളിൽ വന്നവയാണ്. സംസ്ഥാനത്തിന് പുറത്തുള്ള 23 വിദ്യാർഥികൾ ബ്രണ്ണനിലുണ്ട്. 80 ശതമാനത്തിലധികം ഭിന്നശേഷി സൗഹൃദ സ്ഥാപനമാണ്. സർക്കാരിൻ്റെ സഹായത്തോടെ ഭൗതികസാഹചര്യങ്ങളുടെ കാര്യത്തിൽ വലിയ മുന്നേറ്റങ്ങളാണ് ബ്രണ്ണനിൽ നടന്നു വരുന്നത്. ഈ മാറ്റങ്ങളുടെ ഫലങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. 2025 ലെ എൻ ഐ ആർ എഫ് റാങ്കിങ്ങിൽ 101 - 150 ബാൻഡ് ബ്രണ്ണൻ കോളേജിൻ്റെ മികച്ച നേട്ടമാണ്. കുത്തുപറമ്പ് നിർമ്മലഗിരി കോളേജ് മാത്രമാണ് കണ്ണൂർ സർവ്വകലാ പരിധിയിൽ ബ്രണ്ണനോടൊപ്പം ഈ ബാൻഡിൽ ഉൾപ്പെട്ടിരിക്കുന്നുത്.