Zygo-Ad

മഹാരാഷ്ട്രയിൽ കാണാതായ 14-കാരനെ തലശ്ശേരിയിൽ കണ്ടെത്തി; കുട്ടിയെ കൊണ്ടു പോകാൻ രക്ഷിതാക്കൾ എത്തും

 


തലശ്ശേരി : മഹാരാഷ്ട്രയിൽ കാണാതായ 14-വയസ്സുകാരനെ കണ്ടെത്താൻ വിവിധ സ്ഥലങ്ങളിൽ നോട്ടീസ് പതിച്ച് അന്വേഷണം നടത്തുന്നതിനിടയിൽ തലശ്ശേരിയിലുള്ള വിവരം രക്ഷിതാക്കൾ അറിഞ്ഞു. മകനെ കൊണ്ടുപോകാൻ രക്ഷിതാക്കൾ അടുത്ത ദിവസം തലശ്ശേരിയിലെത്തും.

അമരാവതിയിൽ ഭിന്നശേഷി സ്കൂൾ വിദ്യാർഥിയായ കുട്ടി പല തീവണ്ടികൾ മാറിക്കയറി കണ്ണൂരിലെത്തുകയായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഓഗസ്റ്റ് ഒൻപതിനാണ് ഭിന്നശേഷിക്കാരനായ 14 വയസ്സുകാരനെ കണ്ടെത്തിയത്. 

കുട്ടി ഇപ്പോൾ തലശ്ശേരി ചിൽഡ്രൺസ് ഹോമിലാണ് താമസം. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തിയത് മിസിങ് പേഴ്‌സൺ കേരള വാട്‌സാപ്പ് ഗ്രൂപ്പ് മുഖേനയാണ്. ഗ്രൂപ്പ് അംഗമായ ഝാർഖണ്ഡ് സ്വദേശി മുന്നുശർമയാണ് കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തിയത്. 

തലശ്ശേരി ചിൽഡ്രൺസ് ഹോം സൂപ്രണ്ട് ഒ.കെ. മുഹമ്മദ് അഷറഫ് ഉൾപ്പെടെയുള്ളവരാണ് മിസിങ് പേഴ്‌സൺ കേരള വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിൻ. ഗ്രൂപ്പിൽ വിവിധ സംസ്ഥാനങ്ങളിലുള്ള 973 അംഗങ്ങളുണ്ട്. 

ഗ്രൂപ്പ് മുഖേന കുട്ടിയെ കണ്ടെത്താൻ നടത്തിയ ശ്രമമാണ് വിജയിച്ചത്. വീട് അമരാവതി ജില്ലയിലെ നന്ദ്ഗാവ് എന്നു മാത്രമേ കുട്ടി പറഞ്ഞിരുന്നുള്ളൂ.

ബന്ധുവിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്ന മുന്നുശർമ സുഹൃത്തുക്കൾ വഴി നടത്തിയ അന്വേഷണത്തിലാണ് രക്ഷിതാക്കളെ കണ്ടെത്തിയത്.

ചിൽഡ്രൺസ് ഹോം സൂപ്രണ്ട് മുഹമ്മദ് അഷറഫ് കുട്ടിയുമായി വീഡിയോകോൾ മുഖേന രക്ഷിതാക്കളുമായി സംസാരിച്ചു. കുട്ടിയുടെ കുടുംബം അവിടെ പോലീസിൽ പരാതി നൽകിയിരുന്നു. 

കുട്ടിയെ കണ്ടെത്താൻ രക്ഷിതാക്കൾ നോട്ടീസുകൾ തയ്യാറാക്കി വിവിധ സ്ഥലങ്ങളിൽ പതിച്ചു. സമൂഹ മാധ്യമത്തിലൂടെയും അന്വേഷണം തുടർന്നു.

 കണ്ടെത്തുന്നവർക്ക് 20,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ബന്ധുക്കൾ എത്തി തെളിവ് ഹാജരാക്കിയാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന കൈമാറാൻ നടപടി സ്വീകരിക്കും.

വളരെ പുതിയ വളരെ പഴയ