Zygo-Ad

പെരിങ്ങത്തൂരില്‍ ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച കേസില്‍ പ്രധാന പ്രതികളായ നാലു പേർ തലശ്ശേരി കോടതിയില്‍ കീഴടങ്ങി


തലശ്ശേരി: തൊട്ടില്‍പ്പാലത്തെ സ്വകാര്യ ബസ് കണ്ടക്ടറെ പെരിങ്ങത്തൂരില്‍ ബസില്‍ വെച്ച്‌ മർദ്ദിച്ച കേസില്‍ പ്രധാന പ്രതികളായ നാലു പേർ തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി.

ഒളിവില്‍ കഴിയുകയായിരുന്ന നാല് പ്രതികളെയും ഹാജരായതിന് പിന്നാലെ കോടതി റിമാന്റ് ചെയ്തു.

തലശ്ശേരി - പെരിങ്ങത്തൂർ - തൊട്ടില്‍പാലം റൂട്ടില്‍ സർവീസ് നടത്തുന്ന ജഗന്നാഥ് ബസ് കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി കെ.വിഷ്ണുവിനെ ബസില്‍ കയറി ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ മൂന്നാഴ്ചയോളം ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു ഇതിനു പിന്നാലെയാണ് കോടതിയില്‍ ഹാജരായത്.

നാദാപുരം വെള്ളൂർ സ്വദേശി വിശ്വജിത്ത്, പെരിങ്ങത്തൂർ സ്വദേശി വട്ടക്കണ്ടി സവാദ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ജില്ലാ കോടതി തള്ളിയത്. ഇതോടെ വിശ്വജിത്ത് , സവാദ് , വിഷ്ണു, ജിനേഷ് എന്നീ പ്രതികള്‍ കോടതിയില്‍ ഹാജരാവുകയായിരുന്നു.

വധശ്രമമുള്‍പ്പടെ ഒൻപത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും, ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ ശക്തമായ തെളിവുകള്‍ പ്രതികള്‍ക്കെതിരെ ഉണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യ ഹർജി തള്ളിയത്. 

ഏറെ പൊതുജന ശ്രദ്ധയാകർഷിച്ച കേസായതു കൊണ്ടു തന്നെ പ്രതികളെ സംരക്ഷിക്കുന്നവരെ കൂടി ഉള്‍പ്പെടുത്തി പ്രതിപ്പട്ടിക വിപുലീകരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

സംഭവത്തില്‍ എട്ടു പേർക്കെതിരെയാണ് ചൊക്ലി പൊലീസ് വധശ്രമത്തിന് കേസെടുത്തത്. അക്രമി സംഘത്തിലെ വാണിമേല്‍ കൊടിയുറ സ്വദേശി കുഞ്ഞിപ്പറമ്പത്ത് സൂരജ്, കുറ്റ്യാടി കായക്കൊടി നടുവണ്ണൂരില്‍ താഴേപ്പാറയുള്ള പറമ്പത്ത് കെ.സി.ബിനീഷ്, തൂണേരി കുഞ്ഞിത്തയ്യുള്ളതില്‍ കെ.ടി. സിജേഷ് എന്നിവരെ ചൊക്ലി പൊലീസ് ഇൻസ്പെക്ടർ കെ.വി.മഹേഷിന്റെ നേതൃത്വത്തില്‍ നേരത്തെ അറസ്‌റ്റ് ചെയ്തിരുന്നു.

സംഭവ ദിവസം തന്നെ മുങ്ങിയ വിശ്വജിത്തിനെയും, സവാദിനെയും കണ്ടെത്താൻ പൊലീസ് ശ്രമം തുടരുന്നതിനിടയിലാണ് രണ്ടു പേരും മുൻകൂർ ജാമ്യാപേക്ഷയുമായി തലശേരി ജില്ലാ കോടതിയെ സമീപിച്ചത്

കഴിഞ്ഞ 29 നാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ കണ്ടക്ടർക്ക് ക്രൂര മർദ്ദനമേറ്റത്. വിദ്യാർത്ഥിനിയെ ബസില്‍ നിന്നും ഇറക്കി വിട്ടെന്നാരോപിച്ച്‌, വിദ്യാർത്ഥിനിയുടെ ഭർത്താവും സുഹൃത്തുക്കളുമാണ് കണ്ടക്ടറെ മർദ്ദിച്ചത്. 

പാസിനെ ചൊല്ലി വിദ്യാർത്ഥിനിയെ ബസില്‍ നിന്നും ഇറക്കി വിട്ടെന്നാരോപിച്ചായിരുന്നു തർക്കം. തുടർന്ന് ബസിലെത്തിയ ഏഴംഗ അക്രമി സംഘമാണ് ബസ് കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ചത്.

ബസില്‍ വച്ച്‌ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന്‌ ഏഴംഗ സംഘത്തിൻറെ ക്രൂര മർദ്ദനമേറ്റ ബസ് കണ്ടക്ടർ നാദാപുരം സ്വദേശി വിഷ്ണു പറഞ്ഞു. 

ബസ് പാസ് മാത്രമാണ് വിദ്യാർത്ഥിനിയോട് ചോദിച്ചതെന്നും പാസ് ഇല്ലാതിരുന്നിട്ടും കണ്‍സഷൻ അനുവദിച്ചുവെന്നും വിഷ്ണു പറഞ്ഞു. പ്രതികള്‍ ഇന്നോവ കാറില്‍ പിന്തുടർന്നെത്തിയാണ് ബസില്‍ കയറിയത്. 

തുടർന്ന് ഇടിവളയും വാഹനത്തിന്റെ താക്കോലും ഉപയോഗിച്ച്‌ തലയ്ക്കും മൂക്കിനും ഇടിച്ചു. ബസ്സിലെ യാത്രക്കാർ കരഞ്ഞു പറഞ്ഞിട്ടും അക്രമികള്‍ വെറുതെ വിട്ടില്ലെന്നും വിഷ്ണു വ്യക്തമാക്കി. 

അതേ സമയം വിദ്യാർഥിനിയും സുഹൃത്തുക്കളും ബസില്‍ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങളും ബസ് ജീവനക്കാർ പുറത്ത് വിട്ടിരുന്നു സംഭവത്തെ തുടർന്ന് തലശ്ശേരി - പെരിങ്ങത്തൂർ റൂട്ടില്‍ പ്രതികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു.

വളരെ പുതിയ വളരെ പഴയ