കൊടുവള്ളി :തടസ്സമില്ലാത്ത റോഡ് ശൃംഖല എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആകെ 60 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണത്തിനായി 2028 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി നിയോജക മണ്ഡലത്തിലെ കൊടുവള്ളി റെയിൽവേ മേൽപ്പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിൽ 1800 കോടി രൂപ കിഫ്ബി വഴിയാണ് ചെലവഴിക്കുന്നത്. കേരളത്തിൽ റോഡ് ഗതാഗതത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ റെയിൽവേ മേൽപാലങ്ങൾ ഒഴിച്ചുകൂടാത്തതാണ്. ആ കാഴ്ചപ്പാടോടെയാണ് ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ചത്. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്ന ഒരു ഭരണ സംവിധാനമാണ് കേരളത്തിലുള്ളത്. അതിൽ ജനങ്ങളുടെ വിശ്വാസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. വാഗ്ദാനങ്ങൾ നൽകുക മാത്രമല്ല അവ കാലതാമസം കൂടാതെ പൂർത്തീകരിക്കുകയാണ് സർക്കാർ. ജനവിശ്വാസം അൽപം പോലും മുറിയാതെ കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തലശ്ശേരിക്കാരുടെ ചിരകാല അഭിലാഷമാണ് കൊടുവള്ളി മേൽപ്പാലത്തിലൂടെ യാഥാർഥ്യമാകുന്നത്. വലിയതോതിലുള്ള തടസ്സങ്ങൾ ഉണ്ടായിരുന്ന റെയിൽവേ മേൽപ്പാലം എങ്ങനെ യാഥാർത്ഥ്യമാക്കും എന്നത് ഗൗരവമായി പരിശോധിച്ചതിന്റെ ഭാഗമായാണ് ഇപ്പോൾ എല്ലാവർക്കും സന്തോഷമാകും വിധം പദ്ധതി പൂർത്തിയായത്. ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള വികസന പദ്ധതികൾ യാഥാർഥ്യമാക്കാൻ ആവശ്യമുള്ളത്ര പണം നമ്മുടെ കൈയിൽ ഉണ്ടായിരുന്നില്ല. സംസ്ഥാന ഖജനാവ് അത്തരത്തിൽ ശേഷിയുള്ള ഒന്നായിരുന്നില്ല. എന്നാൽ ജനങ്ങൾ ആഗ്രഹിക്കുന്ന വിധം വികസനത്തിന്റെ പുതിയ മാറ്റങ്ങൾ കണ്ടെത്തണമെന്ന ആലോചനയിൽ നിന്നാണ് കിഫ്ബി പുനർജീവിപ്പിച്ചത്. ഇന്ത്യൻ റെയിൽവേയുടേയും കിഫ്ബിയുടെയും സഹായത്തോടെ 36 കോടി 37 ലക്ഷം രൂപ വിനിയോഗിച്ചാണ് കൊടുവള്ളി റെയിൽവേ മേൽപ്പാലം യാഥാർഥ്യമാക്കിയത്. 26.31 കോടി രൂപ സംസ്ഥാന വിഹിതവും 10 കോടി രൂപ റെയിൽവേ വിഹിതവുമാണ്. 16.25 ലക്ഷം രൂപ സ്ഥലമെടുപ്പിന് മാത്രം ചെലവിട്ടു. 123.6 സെന്റ് സ്ഥലം 27 പേരിൽ നിന്നും ഏറ്റെടുത്തു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പലതരത്തിലും പ്രയാസമുണ്ടായിരുന്നു. പദ്ധതി നാടിന് ഉപകാരപ്രദമാണെങ്കിലും ചിലർ തടസ്സപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ പ്രതിസന്ധികളെ മറികടന്ന് സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യേക സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചർ മാതൃക ഉപയോഗിച്ചിട്ടാണ് റെയിൽവേ ഗെയിറ്റിന് മുകളിലൂടെ 314 മീറ്റർ നീളത്തിൽ പാലം നിർമ്മിച്ചിട്ടുള്ളത്. 10.05 മീറ്റർ വീതിയാണ് ഈ പാലത്തിനുള്ളത്. പൈൽ, പൈൽ ക്യാപ്പ് എന്നിവ കോൺക്രീറ്റും പിയർ, പിയർ ക്യാപ്പ്, ഗർഡർ എന്നിവ സ്റ്റീലും, ഡെക് സ്മാബ് കോൺക്രീറ്റുമായാണ് നിർമിച്ചിരിക്കുന്നത്. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് ഈ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായി. ഈ മന്ത്രിസഭ അധികാരത്തിൽ വന്നശേഷം നിർമാണം പൂർത്തിയാക്കിയ 147 ാമത് പാലമാണ് കൊടുവള്ളിയിലെ റെയിൽവേ മേൽപ്പാലമെന്ന് മന്ത്രി പറഞ്ഞു. അഞ്ച് വർഷം 100 പാലമെന്ന ലക്ഷ്യം മൂന്നുവർഷവും എട്ട് മാസവും കൊണ്ട് പൂർത്തിയാക്കി. 200 പാലം പൂർത്തിയാക്കാനാണ് സർക്കാർ ഇപ്പോൾ പരിശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിയമസഭ സ്പീക്കർ അഡ്വ. എ. എൻ ഷംസീർ വിശിഷ്ടാതിഥിയായി. അടിസ്ഥാന സൗകര്യ വികസന രംഗത്ത് വൻ കുതിച്ചുചാട്ടമാണ് സർക്കാർ നടത്തുന്നതെന്ന് സ്പീക്കർ പറഞ്ഞു. പ്രതിസന്ധികളെ മറികടന്ന് കൊടുവള്ളി റെയിൽവേ മേൽപ്പാലത്തിനായി ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കി. നാടിന്റെ സമഗ്ര വികസനം ത്വരിതപ്പെടുത്തുവാൻ ഇച്ഛാശക്തിയോടെ സർക്കാർ പ്രവർത്തിച്ചു. തലശ്ശേരിക്ക് ആകെ ലഭിച്ച അംഗീകാരമാണിതെന്നും സ്പീക്കർ പറഞ്ഞു.
ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും നിയമസഭ സ്പീക്കറും മന്ത്രി പി എ മുഹമ്മദ് റിയാസും തുറന്ന വാഹനത്തിൽ പാലത്തിലൂടെ സഞ്ചരിച്ചു.
തലശ്ശേരി നഗരസഭ ചെയർപേഴ്‌സൺ കെ.എം.ജമുനാറാണി ടീച്ചർ, നഗരസഭ കൗൺസിലർ ടി. കെ സാഹിറ, ആർ.ബി.ഡി.സി.കെ. മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, ആർ.ബി.ഡി.സി.കെ ഡെപ്യൂട്ടി ജനറൽ മാനേജർ സി. ദേവേശൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സി.കെ.രമേശൻ, സജീവ് മാറോളി, സി.പി. ഷൈജൻ, അഡ്വ. കെ.എ. ലത്തീഫ്, കെ. സുരേശൻ, സന്തോഷ് വി. കരിയാട്, ബി. പി. മുസ്തഫ, കെ.മനോജ് വി. കെ. ഗിരിജൻ എന്നിവർ സംസാരിച്ചു.