കോഴിക്കോട്: സിനിമ സെറ്റില്‍ ലഹരി ഉപയോഗിച്ച നടന്റെ പേരോ സിനിമയുടെ പേരോ താനായിട്ട് വെളിപ്പെടുത്തിയിട്ടില്ലെന്നും രഹസ്യമായി നല്‍കിയ പരാതി പുറത്തു വിട്ടത് ശരിയായില്ലെന്നും നടി വിൻസി അലോഷ്യസ്.
സിനിമാ രംഗത്ത് എന്തെങ്കിലും വ്യത്യാസം വരണമെന്ന് ആഗ്രഹിക്കുന്നു. അല്ലാതെ നടനെ വേറെ എന്തെങ്കിലും തരത്തില്‍ നേരിടാൻ താല്‍പര്യമില്ല. പൊലീസില്‍ പരാതി നല്‍കില്ലെന്നും വിൻസി വ്യക്തമാക്കി.
നടൻ ഷൈൻ ടോം ചാക്കോക്കെതിരെ ഫിലിം ചേമ്പറില്‍ നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് വിൻസിയുടെ പ്രതികരണം.
"സിനിമ ഏതെന്നോ നടനാരെന്നോ ഞാനായിട്ട് വെളിപ്പെടുത്തിയിട്ടില്ല. രഹസ്യമായി നല്‍കിയ പരാതി എങ്ങനെ പുറത്തു വന്നെന്ന് അറിയില്ല.
സിനിമക്കെതിരെയല്ല, ആ നടനെതിരെ മാത്രമാണ് പരാതി. സെറ്റില്‍ എന്നോട് ഏറ്റവും മര്യാദയോടെയാണ് മറ്റോല്ലാവരും പെരുമാറിയിട്ടുള്ളത്.
പരാതി കൊടുക്കണമെന്ന് ആദ്യം കരുതിയിരുന്നില്ല. എന്നാല്‍ നിലപാട് വ്യക്തമാക്കി പോസ്റ്റിട്ടത് വലിയ വാർത്തയായി. അപ്പോള്‍ അതില്‍ അന്വേഷണം നടത്താൻ ഉത്തരവാദപ്പെട്ടവരുണ്ട്. അതിനു വേണ്ടി പരാതി നല്‍കണമെന്നുണ്ട്.
പരാതിക്കാസ്പദമായ സിനിമാ സെറ്റില്‍ പരാതിപരിഹാര സമിതി ഉണ്ടായിരുന്നു. അവർ അന്നു തന്നെ വിഷയത്തില്‍ ഇടപെട്ടിരുന്നു. അന്ന് പരാതിയില്ലെന്ന് ഞാൻ അവരോട് പറയുകയും ചെയ്തിരുന്നു.
ലഹരിക്കെതിരെ ഒരു പോസ്റ്റ് പങ്കു വെക്കുമ്പോള്‍ അതിനെ ആളുകള്‍ സ്വീകരിക്കുന്ന രീതിയാണ് തുടർ നടപടികള്‍ സ്വീകരിക്കാൻ നിർബന്ധിതയാക്കിയത്.
ഞാനായിട്ട് പൊലീസില്‍ പരാതി നല്‍കാൻ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ആവശ്യപ്പെട്ടാല്‍ മൊഴി നല്‍കാൻ തയാറാണ്.
ഫിലിം ചേമ്പറില്‍ പരാതി നല്‍കിയപ്പോള്‍ സിനിമയുടെയോ നടന്റെയോ പേര് വെളിപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവർ പുറത്തു പറഞ്ഞെങ്കില്‍ അത് ബോധമില്ലായ്മയാണ്.
സിനിമാ രംഗത്ത് എന്തെങ്കിലും വ്യത്യാസം വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അല്ലാതെ ആ നടനെ വേറെ എന്തെങ്കിലും തരത്തില്‍ നേരിടാൻ താല്‍പര്യമില്ല" -വിൻസി വ്യക്തമാക്കി.
അതേ സമയം, ഷൈൻ ടോം ചാക്കോയെ താര സംഘടനയായ അമ്മ പുറത്താക്കുമെന്നും വിവരമുണ്ട്. ഇതിനുള്ള നടപടികള്‍ അമ്മ സംഘടന ആരംഭിച്ചു.
അഡ്ഹോക് കമ്മിറ്റി ചേർന്ന് ഷൈനിനെതിരായ നടപടി തീരുമാനിക്കുമെന്നാണ് സൂചന. സിനിമ സെറ്റില്‍ വെച്ച് നടൻ ലഹരി മരുന്ന് ഉപയോഗിച്ച് അപമര്യാദയായി പെരുമാറി എന്നാണ് വിൻസി പറഞ്ഞത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.