തലശ്ശേരി:കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നുണ്ടായ കടലാക്രമണത്തിൽ നാശനഷ്ട്ടം നേരിട്ട തലശ്ശേരി പെട്ടിപ്പാലം നിയമസഭാ സ്പീക്കർ അഡ്വ എഎൻ ഷംസീർ സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് പ്രദേശത്തെ വീടുകൾക്ക് ഉൾവശത്ത് കൂടി കൂറ്റൻ തിരമാലകൾ ഇരച്ചുകയറി കനത്തനാശ നഷ്ടം സംഭവിച്ചത്.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സ്പീക്കർ പെട്ടിപ്പാലത്ത് നാശനഷ്ടം സംഭവിച്ച വീടുകൾ സന്ദർശിച്ചത്. നഗരസഭ വൈസ് ചെയർമാൻ എം വി ജയരാജൻ, വാർഡ് കൗൺസിലർ കെ.ടി മൈഥിലി ,
തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, ഇറിഗേഷൻ വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനിയർ ഷിബു ജോർജ്, തഹസിൽദാർ എം വിജേഷ്, ഡപ്യൂട്ടി തഹസിൽദാർമാരായ വി രാജേഷ്, കെ രമേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
കടൽഭിത്തി നിർമ്മിച്ചതിനാൽ കഴിഞ്ഞ രണ്ട് വർഷമായി പെട്ടിപ്പാലത്ത് കടൽക്ഷോഭവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്നും, കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നുണ്ടായ നാശനഷ്ടം സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു.
മുഖ്യമന്ത്രിയുമായ് ആലോചിച്ച് യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും.തഹസിൽദാറോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേഖലയിൽ ആവശ്യമായ സുരക്ഷ നടപടികൾ സ്വീകരിക്കുമെന്നും സബ് കലക്ടർ കാർത്തിക് പാണിഗ്രഹി പറഞ്ഞു.