തലശ്ശേരി: കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കായികമേള ഈ മാസം 21, 22, 23 തീയ്യതികളിൽ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും.15 സബ്ജില്ലകളിൽ നിന്ന് ഒന്നു മുതൽ മൂന്നാം സ്ഥാനം വരെ ലഭിച്ച മൽസരാർത്ഥികളും, തലശ്ശേരി സായി സെന്ററിൽ നിന്ന് 14 കുട്ടികളും, കണ്ണൂർ സ്പോർട്‌സ് ഡിവിഷനിൽ നിന്ന് 37 കുട്ടികളും അടക്കം 2000 ൽപരം മൽസരാർത്ഥികൾ പങ്കെടുക്കും.
21ന് രാവിലെ 6.15ന് കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്റ്റർ കെ.എൻ ബാബു മഹേശ്വരി പ്രസാദ് പതാക ഉയർത്തുന്നതോ ടുകൂടി ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും 3000 മീറ്റർ മത്സരങ്ങൾ ആരംഭിക്കും. രാവിലെ 9.00 ന് സ്പീക്കർ അഡ്വ. എ. എൻ ഷംസീർ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.
സബ്ജനിയർ, ജൂനിയർ, സീനിയർ (U/14, U/17, U/19) ആൺകുട്ടികളുടെയും പെൺകുട്ടി കളുടെയും 98 മത്സരയിനങ്ങൾ മൂന്ന് ദിവസങ്ങളിലായി ഈ മേളയിൽ നടക്കും. മത്സരത്തിൻ്റെ വിജയത്തിനായി സ്പീക്കർ അഡ്വ. എ. എൻ ഷംസീർ ചെയർമാനായും, തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ കെ.എം. ജമുന റാണി വർക്കിങ് ചെയർമാനായും, കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്റ്റർ കെ.എൻ ബാബു മഹേശ്വരി പ്രസാദിന്റെ നേതൃത്വത്തിൽ 11 സബ്‌കമ്മിറ്റികളും പ്രവർത്തിച്ചു വരുന്നു. സമാപന സമ്മേളനം 23ന് വൈകുന്നേരം 4.30ന് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.പി. അനിത ഉദ്ഘടനം ചെയ്യും. വിജയികൾക്കുള്ള ട്രോഫികൾ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്റ്റർ കെ.എൻ ബാബു മഹേശ്വരി പ്രസാദ് വിതരണം ചെയ്യും
കായികോത്സവം ഹരിത മേളയായി പ്രഖ്യാപിച്ചിട്ടുണ്ട്.വാർത്താ സമ്മേളനത്തിൽ ബാബു മഹേശ്വരി പ്രസാദ് (വിദ്യാഭ്യാസ ഉപഡയരക്ടർ), പി.പി. മുഹമ്മദലി (ജില്ലാ സ്കൂൾ സ്പോർട്‌സ് കോ-ഓർഡിനേറ്റർ), കെ.പി. സായന്ത് (കൺവീനർ പബ്ലിസിറ്റി കമ്മിറ്റി),രജീഷ് കളിയാത്താൻ (കൺവീനർ, റിസപ്ഷൻ കമ്മിറ്റി),ടി.രജില, പി.പി ഉദയകുമാർ എന്നിവർ പങ്കെടുത്തു.