Skip to content
പുതുവര്‍ഷം പുതുപാത; മാഹി ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നു
പുതുവര്‍ഷം പുതുപാത; മാഹി ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നു

നാലരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ഈ പുതുവര്‍ഷത്തില്‍ മുഴപ്പിലങ്ങാട്- മാഹി ബൈപാസ് യാഥാര്‍ഥ്യമാകുന്നു.
പ്രവൃത്തി ഈ മാസത്തോടെ പൂര്‍ത്തിയാവും. മെല്ലെപ്പോക്കിലായിരുന്ന മാഹി റെയില്‍വേ മേല്‍പ്പാലത്തിന്റെയും അപ്രോച്ച്‌ റോഡിന്റെയും അവസാനഘട്ട പ്രവൃത്തികളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. ഇവ ദ്രുതഗതിയില്‍ നടക്കുകയാണ്. ജനുവരി അവസാനത്തോടെ പൂര്‍ത്തിയാവും.

*18.6 കി.മീറ്റര്‍ നീളം

മുഴപ്പിലങ്ങാട് ടോള്‍ ബൂത്ത് മുതല്‍ മാഹി അഴിയൂര്‍ ഗവ. എച്ച്‌.എസ്.എസ് വരെയുള്ള പാതയുടെ നീളം 18.6 കി.മീറ്റര്‍. 1300 കോടി രൂപയാണ് നിര്‍മാണ ചെലവ്. നാലു വലിയ പാലങ്ങള്‍, റെയില്‍വേ മേല്‍പാലം, നാല് വലിയ അടിപ്പാതകള്‍, 12 ഇടത്തരം അടിപ്പാതകള്‍, അഞ്ച് ചെറിയ അടിപ്പാതകള്‍, ഒരു മേല്‍പാത എന്നിവ അടങ്ങുന്നതാണ് ബൈപാസ്.

ബൈപാസ് പെയിന്റിങ്, മിഡിയൻ നിര്‍മാണം, ക്രാഷ് ബാരിയര്‍ എന്നിവയെല്ലാം പൂര്‍ത്തിയാക്കി. ഈസ്റ്റ് പള്ളൂരില്‍ സിഗ്നല്‍ ലൈറ്റുകളും നേരത്തേ ഒരുക്കി.

*ബാലത്തില്‍ പാലമായി

നിര്‍മാണത്തിനിടെ തകര്‍ന്നുവീണ ബാലത്തില്‍ പാലം പൂര്‍ത്തിയായി. 1.17 കിലോമീറ്റര്‍ നീളത്തില്‍ ബൈപാസിലെ ഏറ്റവും വലിയ പാലമാണ് ബാലത്തില്‍. 900 മീറ്ററില്‍ നിര്‍മിക്കാൻ ഉദ്ദേശിച്ച പാലം വെള്ളപ്പൊക്ക ഭീഷണിയുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് 1.17 കിലോമീറ്ററായി നീട്ടിയത്. ബാലത്തില്‍ പാലം പ്രവൃത്തി നടക്കവെ 2020ല്‍ ഇതിന്റെ ബീമുകള്‍ പുഴയില്‍ പതിച്ചതോടെയാണ് പ്രവൃത്തി പൂര്‍ത്തീകരിക്കാൻ വൈകിയത്.

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..