കൽപറ്റ: കനത്ത മണ്ണിടിച്ചിലുണ്ടായ വയനാട്ടിലെ കള്ളാടിയിൽ കാണാതായ അഞ്ചുപേർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കഴിഞ്ഞദിവസം രാത്രി വൈകുവോളം രക്ഷാപ്രവർത്തനം നീണ്ടിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ മനുഷ്യശരീരങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച കെഡാവർ നായ്ക്കളെയും തിരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്. ദുരന്തത്തിൽ പരിക്കേറ്റ് നിലവിൽ ചികിത്സയിൽ കഴിയുന്ന ഏഴുപേരിൽ രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങളും പ്രദേശത്തെ സാഹചര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് കള്ളാടി സന്ദർശിക്കും.
കഴിഞ്ഞദിവസം കണ്ടെടുത്ത മൂന്ന് മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രഭാൻ, ബിഹാർ സ്വദേശി വികാസ് കുമാർ, ഝാർഖണ്ഡ് സ്വദേശി അൻമോൾ എന്നിവരാണ് മരണപ്പെട്ടത്. ഇനി കണ്ടെത്താനുള്ള വിക്രം, രാഹുൽ, മുഹമ്മദ് ഇമ്രാൻ, രാകേഷ്, അസറുദ്ദീൻ അൻസാരി എന്നിവർക്കായാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്.
അപകടസ്ഥലത്തേക്ക് നിലവിൽ പൊതുജനങ്ങൾക്കും മറ്റും പ്രവേശനം കർശനമായി നിരോധിച്ചിരിക്കുകയാണ്. ഇന്ന് പ്രദേശത്ത് പൂർണ്ണതോതിലുള്ള ശാസ്ത്രീയ തിരച്ചിൽ നടത്തുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. ഇതിനായി ദുരന്തബാധിത പ്രദേശത്തെ നാല് സോണുകളായി തിരിക്കും. മണ്ണിനടിയിലെ നേരിയ ചലനങ്ങൾ പോലും കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന സ്പോട്ട് ലൊക്കേഷൻ ക്യാമറകൾ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിൽ തകർന്ന റോഡ് ഗതാഗതയോഗ്യമാക്കാനുള്ള പണികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ എ.പി. അനിൽകുമാറും ടി. സിദ്ദിഖും ദുരന്തസ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
